ചമ്പക്കുളം: തെളിഞ്ഞ അന്തരീക്ഷത്തിൽ കൊയ്തു മാറുന്ന കുട്ടനാടൻ പാടശേഖരങ്ങളിലെ വൈക്കോലിന് വൻ ഡിമാന്ഡ്. കുട്ടനാട്ടിലെ ജലാംശമുള്ള നിലങ്ങളിൽ വളരുന്ന നെല്ലിന്റെ വൈക്കോൽ കന്നുകാലികൾക്ക് കൂടുതൽ ഗുണകരമാണ്. ഇതു മനസിലാക്കിയതോടു കൂടിയാണ് കുട്ടനാടൻ വൈക്കോൽ വൻതോതിൽ അയൽ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും വണ്ടി കയറുന്നത്.
കൊല്ലം തിരുവനന്തപുരം, തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കാണ് കുട്ടനാടൻ വൈക്കോൽ കൊണ്ടുപോകുന്നുണ്ട്.
കൊയ്തു മാറിയാലുടൻ തൊഴിലാളികളെയിറക്കി വൈക്കോൽ പിരിച്ചെടുക്കുന്നതും ട്രാക്ടർ ബെയിലർ ഉപയോഗിച്ച് കച്ചി കെട്ടുകളാക്കുന്നതും ഇന്ന് കുട്ടനാട്ടിലെ പതിവു കാഴ്ചയാണ്. അത്ര സുഖകരമല്ലാത്ത ജോലിയാണ് വൈക്കോൽ പണിയെന്നതിനാൽ നാട്ടുകാരിൽ പലരും ഇതിനോടു താത്പര്യം കാണിക്കാറില്ല.
അയൽ സംസ്ഥാന തൊഴിലാളികളാണിപ്പോൾ ഈ ജോലിക്കു വരുന്നത്. നാട്ടുകാരായ സ്ത്രീ തൊഴിലാളികളിൽ ചിലർ ഇപ്പോഴുമീ ജോലിക്കെത്തുന്നുണ്ട്. വലിയ ലോറികളിൽ വൈക്കോൽ കെട്ടായി നിറച്ചു കൊണ്ടുപോകുന്നത് പലപ്പോഴും മറ്റു വാഹനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതിനാൽ രാത്രിയിലാണ് ഈ വാഹനങ്ങൾക്ക് യാത്ര അനുവദിക്കുന്നത്.
കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നു ലഭിക്കുന്ന വൈക്കോൽ കുട്ടനാട്ടിൽ തന്നെ തികയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് വൈക്കോൽ തുറുവുകളായാണ് ഇവിടെ സംഭരിച്ചിരുന്നത്.
കുട്ടനാട്ടിൽ കന്നുകാലി വളർത്തൽ ഗണ്യമായി കുറഞ്ഞതാണ് ഇവിടെ നിന്നു മറ്റു സ്ഥലങ്ങളിലേക്ക് വൻതോതിൽ വൈക്കോൽ കൊണ്ടുപോകാൻ കാരണം.
2018 ലെ മഹാപ്രളയവും തുടർന്നു വന്ന വെള്ളപ്പൊക്കങ്ങളുമാണ് കുട്ടനാട്ടിലെ കന്നുകാലി വളർത്തലിനെ പിന്നോട്ടടിച്ചത്.